ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ വലിയ ആഘോഷങ്ങൾക്കാണു തിരശീല ഉയരുന്നത്. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി വൈവിധ്യമാർന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ചലച്ചിത്രാസ്വാദകരുടെ മുന്നിലേക്കെത്തുന്നു.
മധുരമീ ജീവിതം
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മധുരമീ ജീവിതം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ ഹൃദയം തൊടുന്ന ചിത്രത്തിൽ സിദ്ദിഖും വിനയപ്രസാദുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വിരമിച്ച ബാങ്ക് മാനേജരായ ചന്തുമേനോന്റെയും ഭാര്യയുടെയും പിൽക്കാല ജീവിതത്തിലെ ശാന്തമായ നിമിഷങ്ങളും, വാർധക്യം, കുടുംബബന്ധങ്ങൾ, ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ തുടങ്ങിയവയാണ് ചിത്രത്തിന്റെ ഉള്ളടക്കം. മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയിൽ ഗായത്രി സുരേഷും ശ്രദ്ധേയമായ കഥാപാത്രമാകുന്നു.
കോളിവുഡിൽനിന്നന് രണ്ടു വൻ ചിത്രങ്ങൾ
തമിഴകത്തുനിന്നു രണ്ടു വന്പൻ ചിത്രങ്ങളാണ് ഈ ആഴ്ച എത്തുന്നത്. കോളിവുഡ് സൂപ്പർതാരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ആണ് പ്രധാന ആകർഷണം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പിസ്റ്റൾ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് തന്റെ കരിയറിലേക്ക് തിരിച്ചെത്താൻ നടത്തുന്ന ശ്രമങ്ങളും, അത് കുടുംബത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യക്കൊപ്പം മലയാളിതാരം മമിത ബൈജു, ബിടൗൺ താരം രവീണ ടണ്ടൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മറ്റൊരു പ്രധാന തമിഴ് റിലീസ് വിശാൽ സംവിധാനം ചെയ്ത് നായകനാകുന്ന മകുടം ആണ്. മകനെ ദക്ഷിണേന്ത്യയിലെ ഏറ്റവും അപകടകാരികളായ ഗാംഗ്സ്റ്റർമാരിൽനിന്ന് സംരക്ഷിക്കാൻ ശാന്തനായ പിതാവ് തന്റെ ഭൂതകാലത്തെ സ്വീകരിക്കാൻ നിർബന്ധിതനാകുന്ന കഥയാണ് ചിത്രം പറയുന്നത്. ദുഷാര വിജയൻ, അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ബോളിവുഡിൽനിന്ന് ചരിത്രവും ആക്ഷൻ ത്രില്ലറും
ബി ടൗണിൽനിന്നു ചലച്ചിത്രാസ്വാദകർ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണു റിലീസിനൊരുങ്ങുന്നത്. 1947-ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ ദുരന്തങ്ങളും കുടിയൊഴിപ്പിക്കലും പ്രമേയമാക്കി രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഭട്വാര 1947 എന്ന ബിഗ് ബജറ്റ് ചിത്രം ബോക്സ്ഓഫീസിൽ വലിയ തരംഗമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. സണ്ണി ഡിയോൾ, പ്രീതി സിന്റെ, ശബാന ആസ്മി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഇമ്രാൻ ഹാഷ്മി നായകനായി നിതിൻ കക്കർ സംവിധാനം ചെയ്യുന്ന ആവാരാപൻ 2 എന്ന ചിത്രവും റിലീസിനെത്തുന്നു. അധോലോകത്തേക്ക് വീണ്ടും വന്നെത്തുന്ന കഥാനായകന്റെ പ്രണയവും ത്യാഗവും വീണ്ടെടുപ്പുകളുമാണ് സിനിമയുടെ ഇതിവൃത്തം. ദിഷ പഠാനിയാണ് നായിക.